Wednesday, January 7, 2009

പെണ്‍ ഭ്രൂണം

പതിയെന്‍ നെറുകില്‍ സിന്ദൂരമണിയിച്ച-
തില്‍പിന്നെയൊരു വ്യാഴവട്ടത്തിനൊ-
ടുക്കമാണു ഞാന്‍ ഗര്‍ഭം ധരിച്ചതു
ആനന്ദമെന്‍ ആംഗലേയ വൈദ്യനാം
പതിയോടു പങ്കുവെച്ചുടന്‍
കുഞ്ഞാണെന്നോ പെണ്ണെന്നോ
പരിശോധിച്ചറിയാന്‍ പറഞ്ഞു

മനം കാര്‍മേഘ പൂരിതമായെങ്കിലുമാ-
വചനം ശിരസാവഹിച്ചു ഞാന്‍
എന്‍ വയറ്റില്‍ വളരുന്നതൊരു പെണ്‍
ഭ്രൂണമെന്നു സ്കാനിംഗ്‌ യന്ത്രമറിയിച്ചു
ഒരോരോ (അ)ന്യായങ്ങള്‍ നിരത്തിയാ-
പെണ്‍ ഭ്രൂണമിനി പുറം ലോക-
ക്കാഴ്ചകള്‍ കാണെണ്ടെന്നു പറഞ്ഞു
പെണ്‍ സംരക്ഷണമാം ബാലികേറാമല,
വിവാഹവും വിവഹ സമ്മാനമെന്ന
ഓമനപ്പേരില്‍ നല്‍കേണ്ട സ്ത്രീധനവും
പ്രസവച്ചെലവു,എന്തിനു
ആര്‍ത്തവ ദിനങ്ങളിലുപയോഗിക്കും
സാനിറ്ററി നാപ്കിന്റെ വിലപോലുമാ
മാനസം മാനത്തു കണ്ടിരുന്നു

കണ്ണനു കണ്ണീരു കാണിക്കയായി നല്‍കി
എനിക്കു കിട്ടാന്‍ പോകുമീ കണ്മണിയെ
കരിച്ചു കളയുവതെങ്ങിനെ ഞാന്‍
കരള്‍ പിടക്കുന്നുവെങ്കിലും കരളിന്റെ
കരളാം കാന്താ എന്‍ വയറ്റില്‍ മൊട്ടിട്ടിരിക്കുന്നീ
സുന്ദരിപ്പൂവിനു വേണ്ടി താങ്കളെന്‍
നെറുകിലണിയിച്ച സിന്ദൂരം
ഞാന്‍ മായ്ക്കുന്നു

4 Comments:

പകല്‍കിനാവന്‍ | daYdreaMer said...

കരളാം കാന്താ എന്‍ വയറ്റില്‍ മൊട്ടിട്ടിരിക്കുന്നീ
സുന്ദരിപ്പൂവിനു വേണ്ടി താങ്കളെന്‍
നെറുകിലണിയിച്ച സിന്ദൂരം
ഞാന്‍ മായ്ക്കുന്നു

നല്ല കവിത... ആശംസകള്‍...

Unknown said...

സിന്ദൂരം മായ്ക്കൂ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സിന്ദൂരം മായ്ക്കാനുള്ള ആ തീരുമാനം കലക്കി!നല്ല മെസേജുതരുന്ന കവിത............

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“...എന്‍ വയറ്റില്‍ മൊട്ടിട്ടിരിക്കുന്നീ
സുന്ദരിപ്പൂവിനു വേണ്ടി താങ്കളെന്‍
നെറുകിലണിയിച്ച സിന്ദൂരം
ഞാന്‍ മായ്ക്കുന്നു“

പെണ്‍കുഞ്ഞുങ്ങളെ ഭ്രൂണാവസ്ഥയിലേ നശിപ്പിക്കുന്ന പ്രവണത വിദ്യാസമ്പന്നരെന്ന് പറയുന്ന മലയാളികളില്‍ ഒരു വിഭാഗം ഇപ്പഴും തുടരുന്നു എന്നത് വസ്തുതയാണ്, നിയമ വിരുദ്ധമെന്നറിഞ്ഞിട്ടും.

കവിത ഇഷ്ടമായി.

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN