Friday, August 29, 2008

ചെറിയ കഥ/കവിത...?

ജന്മം കൊണ്ടില്ലാത്തത്
ജന്മം കൊണ്ടില്ലാത്ത പലതും
കര്മം കൊണ്ടുണ്ടാക്കാനാവാത്തതുകൊണ്ടു
ഞനിന്നും തന്തയില്ലാത്തവളാണു
കുടുംബത്തില്‍ പിറക്കാത്തവളാണു


മരണം
ജീവിത രണഭൂമിയില്‍
അടരാടിയാടി മുന്നേറിയ ഞാന്‍
അഴകിന്റെ ആഴിയില്‍
മുങ്ങിമരിച്ചു


പ്രസംഗം
ലൈംഗിക വിദ്യാഭ്യാസം
വീട്ടില്‍ നിന്നു നല്കണമെന്നും,
അച്ഛനമ്മമാര്‍ നാണിക്കേണ്ടതില്ലെന്നും
നാടു നീളേ പ്രസംഗിച്ചു നടന്ന
ആംഗലേയ വൈദ്യന്റെ മകള്‍
ആദ്യ ആര്‍ത്തവ രക്തം കണ്ടു
തനിക്കെന്തോ മഹാവ്യാധിയെന്നു കരുതി
ആത്മഹത്യ ചെയ്തു

കുംബസാരം
കവിയല്ല ഞാന്‍
കവിതയെഴുതാനറിയില്ലെനിക്കു
എങ്കിലും സംവിധാനമെന്തെന്നറിയാതെ
സിനിമകള്‍ സംവിധാനം
ചെയ്തു കൂട്ടുന്ന
തിരക്കഥാകൃത്തുക്കളുള്ളീ നാട്ടില്‍
എന്റെ കവിതയെ 'കപിത'യെന്നു
വിളിക്കരുതു





Wednesday, August 27, 2008

ചെറിയ കഥകള്‍...?

സുഖം
ഭാര്യയുടെ കൂടെ കിടക്കണമെന്നുണ്ടെങ്കിലും
സുഖിക്കുന്നവന്‍ ദുഃഖിക്കേണ്ടി വരുമെന്ന-
ഭയമെന്നെ കിടപ്പറയില്‍നിന്നകറ്റി

അസൂയ
ആത്മഹത്യ ചെയ്യണമെന്നുണ്ടെങ്കിലും
ഭാര്യ വേറെ
വിവാഹം കഴിക്കുമോയെന്ന
ഭയമെന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചൂ

പേടി
ജീവിക്കാന്‍ മോഹമുണ്ടെങ്കിലും
ഇന്നലെ പിറന്ന എന്റെ മോള്‍
വല്ലവന്റേം കൂടെ ഓടിപ്പോകുമോയെന്ന
ഭയമെന്നെ ആത്മഹത്യയില്‍ കൊണ്ടെത്തിച്ചു

ഹാവൂ!!!
എത്ര ശ്രമിച്ചിട്ടും കിട്ടിയില്ല
എന്നിട്ടും തളരാതെ ഊണും ഉറക്കവു-
മുപേക്ഷിച്ചൂ ശ്രമം തുടര്‍ന്നു
അങ്ങനെ ഇന്നാദ്യമായി
ടി.വി ചാനലിലെ ഫോണിന്‍
പരിപാടിയിലേക്കു എന്റെ കാള്‍
കണക്ടായി

ഞാന്‍
എന്തിനു ജീവിക്കണം..?
മറ്റുള്ളവര്ക്കു ബാധ്യതയാവാന്‍
ആരെങ്കിലുമൊക്കെ വേണ്ടേ!!!

ഞങ്ങള്‍ക്കും ജീവിക്കണ്ടേ !
ശത്രുരാജ്യങ്ങള്‍ യുദ്ധമവസാനിപ്പിച്ചപ്പോള്‍
ആയുധങ്ങള്‍ പരസ്പരം
പോരാടാന്‍ തുടങ്ങി
എന്തിനീ യുദ്ധമെന്നൊ-
രായുധത്തോടു ചോദിച്ചപ്പോള്‍
ഞങ്ങള്‍ക്കും ജീവിക്കണ്ടേ-
യെന്ന മറുപടി

നിഷ്കളങ്കന്‍
വീടെവിടെന്നു ചോദിച്ചു
പറഞ്ഞു കൊടുത്തു
വീട്ടിലോട്ടുള്ള വഴി ചോദിച്ചു
പറഞ്ഞു കൊടുത്തു
തിരികെയെത്തിയപ്പോള്‍
കണ്ടതു
കാലിയായി കിടക്കുന്ന
വീട്


നിനക്കു നന്ദി!

നിഴലെന്നു കരുതിഞ്ഞാന്‍
കൂടെക്കൂട്ടിയ നീ
എന്നോടു പറയതെ നിശയിലൊളിച്ചു
നിശയൊന്നു പുലര്‍ന്നപ്പോഴേക്കും
മറ്റൊരുത്തന്റെ നിഴലായി മാറിനീ
നിന്നോര്മ്മത്തുള്ളികളെന്നില്‍
വേദനതന്‍ നീരാഴി തീര്ക്കുബൊഴും
തിരയുന്നു ഞാനാ ആഴിയില്‍
ചില വര്‍ണ്ണ മത്സ്യങ്ങളെ വൃഥാ
എന്തിനു നീയെന്നെ പ്രണയമെന്ന
ചൂണ്ട കൊളുത്തില്‍ കുരുക്കി
എന്തിനു നീയെന്‍ ഹൃദയം
പേപ്പട്ടികള്‍ക്കെറിഞ്ഞു കൊടുത്തു
പരിശുദ്ധമീ സ്നേഹത്തിന്‍ പ്രതിഫലം
ഒടുക്കമില്ലാത്ത വേദന മാത്രമെന്നെന്നെ
പഠിപ്പിച്ച കൂട്ടുകാരീ നിനക്കു നന്ദി!

പാവം കാലന്‍

പാരില്‍ ചെയ്യാനിനി പാപങ്ങളൊന്നുമില്ല
എന്നവതാര ലക്ഷ്യം പൂര്‍ണം
കാലനെന്നെ മടക്കി വിളിച്ചു
ചിത്രഗുപ്തന്‍ പാപപ്പട്ടിക വായിക്കുന്നു
കാലന്‍ കാലന്റെ പോത്തിന്റെ
പുറത്തിരുന്നു കേള്‍ക്കുന്നു
വായിച്ചിട്ടും വായിച്ചിട്ടുംപട്ടിക തീരുന്നില്ല
പോത്തു മുരളുന്നു
അതിനിടക്കു കാലന്റെ ദയനീയസ്വരം,
'ഇനിയും കേട്ടിരുന്നാല്‍
ഞാന്‍ വിശന്നു മരിക്കും'

നിളയും ഞാനും

ഷൊര്‍ണ്ണൂര്‍ പാലത്തിനു മുകളില്‍ നിന്നുകൊണ്ടു-
നിളയേ നോക്കിയപ്പോള്‍
അറിയാതെന്‍ മനമൊന്നു തേങ്ങി
കാല്‍ത്തളയും കുപ്പിവളയും
കിലുക്കി യാത്ര ചെയ്ത
സുന്ദരിപ്പെണ്ണല്ല,
മര്‍ത്ത്യര്‍ മാനഭംഗം ചെയ്തു
നഗ്നയാക്കി കിടത്തിയ
ജീവല്‍ശവമാണിന്നിവള്‍
എന്റെ വേദന എനിക്കുമാത്രമെന്നു-
ഞാന്‍ കരുതിയില്ലായിരുന്നെങ്കില്‍
എന്റെ കണ്ണീരിനെ
നിളയിലോട്ടൊഴുക്കി
അവളുടെ നാണമെങ്കിലും
മറച്ചേനെ ഞാന്‍

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN