Thursday, January 29, 2009

നിളയും ഞാനും

ഷൊര്‍ണ്ണൂര്‍ പാലത്തിനു മുകളില്‍ നിന്നുകൊണ്ടു-
നിളയേ നോക്കിയപ്പോള്‍
അറിയാതെന്‍ മനമൊന്നു തേങ്ങി
കാല്‍ത്തളയും കുപ്പിവളയും
കിലുക്കി യാത്ര ചെയ്ത
സുന്ദരിപ്പെണ്ണല്ല,
മര്‍ത്ത്യര്‍ മാനഭംഗം ചെയ്തു
നഗ്നയാക്കി കിടത്തിയ
ജീവല്‍ശവമാണിന്നിവള്‍
എന്റെ വേദന എനിക്കുമാത്രമെന്നു-
ഞാന്‍ കരുതിയില്ലായിരുന്നെങ്കില്‍
എന്റെ കണ്ണീരിനെ
നിളയിലോട്ടൊഴുക്കി
അവളുടെ നാണമെങ്കിലും
മറച്ചേനെ ഞാന്‍

നോട്ട് : എന്റെ ബ്ലോഗില്‍ ആദ്യമായി ഇട്ട പോസ്റ്റാണു ഇതു. അന്നെനിക്കു അഗ്രഗേറ്ററിനെ കുറിച്ചു അറിവില്ലാത്തതു കൊണ്ട് പോസ്റ്റ് ആരിലേക്കും എത്തിയില്ല . പിന്നീട് ഇതു ജയകേരളത്തില്‍ പ്രസിദ്ധീകരിച്ചു . വായിക്കാത്തവര്‍ക്ക് വേണ്ടി ഒന്നു കൂടി പോസ്റ്റുന്നു

Tuesday, January 27, 2009

വീണ്ടും ചില കാര്യങ്ങള്‍

ദൈവം

ദൈവമില്ലെന്ന് വിശ്വസിക്കുന്ന ഞാന്‍
അമ്പലങ്ങളില്‍ പോകാറില്ല
ദൈവങ്ങളെ മനസാ ഭജിക്കാറുമില്ല
എങ്കിലും അമ്മയെ കാണുബോള്‍
ദൈവമുണ്ടെന്നു
ഞാനറിയുന്നു


ഹര്‍ത്താല്‍

അനുസരണക്കേട് കാട്ടിയതിനു
അവനെ അച്ഛന്‍ വീട്ടില്‍
നിന്നു പുറത്താക്കി
അതില്‍ പ്രതിഷേധിക്കാനായി
അവന്‍ കേരളഹര്‍ത്താലിനു
ആഹ്വാനം
ചെയ്തു



ഞാന്‍

ആരെയും മനസിലാക്കാത്ത ഞാന്‍
എന്നെയാരും മനസിലാക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്
ആരെയും സ്നേഹിക്കാത്ത ഞാന്‍
എന്നെയാരും സ്നേഹിക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്`







Wednesday, January 7, 2009

പെണ്‍ ഭ്രൂണം

പതിയെന്‍ നെറുകില്‍ സിന്ദൂരമണിയിച്ച-
തില്‍പിന്നെയൊരു വ്യാഴവട്ടത്തിനൊ-
ടുക്കമാണു ഞാന്‍ ഗര്‍ഭം ധരിച്ചതു
ആനന്ദമെന്‍ ആംഗലേയ വൈദ്യനാം
പതിയോടു പങ്കുവെച്ചുടന്‍
കുഞ്ഞാണെന്നോ പെണ്ണെന്നോ
പരിശോധിച്ചറിയാന്‍ പറഞ്ഞു

മനം കാര്‍മേഘ പൂരിതമായെങ്കിലുമാ-
വചനം ശിരസാവഹിച്ചു ഞാന്‍
എന്‍ വയറ്റില്‍ വളരുന്നതൊരു പെണ്‍
ഭ്രൂണമെന്നു സ്കാനിംഗ്‌ യന്ത്രമറിയിച്ചു
ഒരോരോ (അ)ന്യായങ്ങള്‍ നിരത്തിയാ-
പെണ്‍ ഭ്രൂണമിനി പുറം ലോക-
ക്കാഴ്ചകള്‍ കാണെണ്ടെന്നു പറഞ്ഞു
പെണ്‍ സംരക്ഷണമാം ബാലികേറാമല,
വിവാഹവും വിവഹ സമ്മാനമെന്ന
ഓമനപ്പേരില്‍ നല്‍കേണ്ട സ്ത്രീധനവും
പ്രസവച്ചെലവു,എന്തിനു
ആര്‍ത്തവ ദിനങ്ങളിലുപയോഗിക്കും
സാനിറ്ററി നാപ്കിന്റെ വിലപോലുമാ
മാനസം മാനത്തു കണ്ടിരുന്നു

കണ്ണനു കണ്ണീരു കാണിക്കയായി നല്‍കി
എനിക്കു കിട്ടാന്‍ പോകുമീ കണ്മണിയെ
കരിച്ചു കളയുവതെങ്ങിനെ ഞാന്‍
കരള്‍ പിടക്കുന്നുവെങ്കിലും കരളിന്റെ
കരളാം കാന്താ എന്‍ വയറ്റില്‍ മൊട്ടിട്ടിരിക്കുന്നീ
സുന്ദരിപ്പൂവിനു വേണ്ടി താങ്കളെന്‍
നെറുകിലണിയിച്ച സിന്ദൂരം
ഞാന്‍ മായ്ക്കുന്നു

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN