Tuesday, March 24, 2009

ഗവിയായ വഴി

അന്ന് മലയാളം മാഷ്
അവളുടെ നേര്‍ക്കു
ഒരു ചോദ്യമെറിഞ്ഞു
"ഉണ്ടക്കണ്ണീ നിന്റെ
ഭാവി വരന്‍ ആരായിരിക്കണം"
ഉടന്‍ വന്നു മറുപടി
"അദ്ദേഹം ഒരു കവിയായിരിക്കണം"
ആ നിമിഷം തന്നെ
ഞാനുറപ്പിച്ചു, അടുത്ത നിമിഷം,
ഞാനൊരു കവിത എഴുതുമെന്നു..
കവിയായി മാറുമെന്നു...
ഒരു നാള്‍ എന്റെ കാവ്യ സൃഷ്ടികള്‍
അവള്‍ക്കു മുന്നില്‍ കാഴ്ചവെച്ചു..
കവിതയിലൂടേ കണ്ണോടിച്ച
അവളൊരു പ്രഖ്യാപനം
നടത്തി "കപി"യെ കെട്ടിയാലും
ഞാന്‍ കവിയെ കെട്ടില്ലാന്ന്
(കവിത വായിച്ച പാവത്തിന്റെ
നെഞ്ച് തകര്‍ന്നുകാണും)
അന്നു തന്നെ ഞാനെന്‍
തൂലികയുപേക്ഷിച്ചു
ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറം
വീണ്ടും തിരയുന്നു...ഞാനാ തൂലികയെ
അവളുടെ മോള്‍ക്കും ഒരു കവിയെ
തന്നെയാണത്രെ വരിക്കാന്‍ മോഹം...

Tuesday, March 17, 2009

തനിനിറം


ജീവിച്ചിരുന്നപ്പോള്‍
പലതവണയെന്നെ
വഞ്ചിച്ച നീ
മരണത്തിനപ്പുറത്തെ
ലോകത്തുനിന്നുകൊണ്ട്
എന്നെ ഒരുപാടിഷ്ടമാ-
ണെന്നുപറയുമ്പോള്‍
എന്തുഞാന്‍ ചെയ്യും

എന്നെയൊത്തിരി
സ്നേഹിക്കുന്ന പെണ്ണേ
നിന്നരികിലെത്താ
നൊരുവഴിതെളിയുന്നു
എന്റെ മുന്നില്‍
പാളത്തിലൂടെ
പാഞ്ഞുവരുന്ന
തീവണ്ടിയെന്നെ
നിന്നരികിലെത്തിക്കും

നരകത്തിലേ നീയുണ്ടാകൂ
എന്നറിയാം നീയുള്ളിടം
എന്റെ സ്വര്‍ഗമെന്നു കരുതി
നരകവാതില്‍ക്കലെത്തിയ
ഞാന്‍ കണ്ട കാഴ്ച
എന്നെ ഞെട്ടിച്ചു

നീയുമൊരു പുരുഷനും
ഇണചേരുന്നു
എന്തിനിതു ചെയ്തെന്നു
സങ്കടത്തോടെ ചോദിച്ചപ്പോള്‍
നീയൊരു പരിഹാസചിരി
ചിരിച്ചു കടന്നു പോടാ
എന്നാക്രോശിച്ചു

Monday, March 16, 2009

കാലത്തേയും തോല്പിച്ച്

ഒരുമതന്‍ ഊയലില്‍
ഒരുമിച്ചാടുവാന്‍ കൊതിച്ചവരെ
കാലം, ഒരു ചാണ്‍ കയറില്‍
ഒന്നിച്ച് തൂങ്ങിയാടുന്ന
നിലയിലെത്തിച്ചു
ആ ആട്ടത്തിലും അവര്‍
കെട്ടിപ്പിടിച്ചിരുന്നു
കാലമേ നിനക്കു ഞങ്ങളെ
മരണത്തിലും തോല്പിക്കാന്‍
കഴിയില്ലെന്നു പ്രഖ്യാപിക്കും പോലെ

Friday, March 13, 2009

മദ്യകേളി

മദ്യമേ,
നീ തീര്‍ത്ത ആര്‍ത്ത
നാദങ്ങള്‍ നിലക്കുന്നില്ല

മദ്യമേ,
നീ തീര്‍ത്ത കണ്ണീര്‍-
പുഴകള്‍ വറ്റുന്നില്ല
മദ്യമേ,
നീ തീര്‍ത്ത മഹാ-
രോഗങ്ങള്‍ ശമിപ്പതില്ല


മദ്യമേ,
നീ പൊട്ടിച്ചെറിഞ്ഞ
താലിച്ചരടുകളനവധി
പാതകളില്‍ യമദൂതനായി
കവര്‍ന്ന ജീവനുമനവധി

മദ്യമേ
നീ ആദ്യമാദ്യം
യൗവ്വനത്തെ അടിമയാക്കി
പിന്നെ കൗമാരത്തെയും
ഇപ്പോഴിതാ ബാല്യത്തെയും

മദ്യമേ,
ഇനി നിന്‍ ലക്ഷ്യമെന്താണു
പിറന്നു വീണ കുഞ്ഞിനു
അമ്മിഞ്ഞപ്പാലിനു പകരം
മദ്യം നല്‍കുന്ന ദിവസമോ

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN